Wednesday, April 24, 2019

എല്ലാ വഴികളുമടയുമ്പോള്‍, എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുമ്പോള്‍ നാം അറിയാതെ വിളിച്ചുപോവും 'അല്ലാഹുവേ........ '. പ്രതീക്ഷയുടെ എല്ലാ ഭാവപ്പകര്‍ച്ചകളും മുഖത്ത് തെളിയുന്ന ഈ വിളിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് 'ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന പുസ്തകം തുടങ്ങുന്നത്.
ഇതൊരാവര്‍ത്തി വായിക്കുമ്പോഴേക്കും ഭൂമിയിലെ എല്ലാ സങ്കടങ്ങളും തലച്ചുമടാക്കി നടക്കുന്ന നമുക്ക് ഭാരമിറക്കിവെക്കാനാവും.
നമ്മുടെ ഹൃദയത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളെ സര്‍ഗാത്മകമായി നേരിട്ട് ജീവിതത്തെ വിജയത്തിലേക്കെത്തിക്കാനുള്ള അതിജീവന കലയെക്കുറിച്ചാണ് പുസ്തകം നമുക്ക് പറഞ്ഞുതരുന്നത്.
പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെ പുസ്തകത്തിലുടനീളം ദുഃഖത്തെ ഇറക്കിവെച്ച് സന്തോഷം തേടിയുള്ള യാത്രയാണ്. 
സുഖ ദുഃഖങ്ങളുടെ സമ്മിശ്രമായ മനുഷ്യജീവിതത്തില്‍ ആകസ്മികമായെത്തുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടാമെന്ന് ഹൃദ്യമായ ഭാഷയില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലത്തോടെ രചയിതാവ് നമുക്ക് പകര്‍ന്നുതരുന്നു. ഒപ്പം ഇതിലെ സാരോപദേശ കഥകളും പഴഞ്ചൊല്ലുകളും കാവ്യശകലങ്ങളും വായനയുടെ രുചി കൂട്ടുന്നു.
ചെറിയ ചെറിയ വാചകങ്ങളിലൂടെ പറയുന്ന പ്രതീക്ഷയുടെ വര്‍ത്തമാനമാണ് ഈ പുസ്തകം. 

No comments:

Post a Comment